Lijo Peter
Posted On: 13/09/18 17:03
കെ.സി.ബി.സി.ക്ക് ഒരു തുറന്ന കത്ത്
---------------------------------------------------------
ഡോ.റോസി തമ്പി
.
.

ബഹുമാനപ്പെട്ട പിതാക്കന്മാരേ, ഒരു കത്തോലിക്ക വിശ്വാസി എന്ന നിലയിലും സീറോ മലബാർ സഭയിലെ അംഗം എന്ന നിലയിലും എനിക്കിത് ചോദിക്കാതിരിക്കാൻ കഴിയില്ല.

ബലാത്സംഗ ആരോപണം നേരിടുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റു ചെയ്യണം എന്നാവശ്യപ്പെട്ട് കന്യാസ്ത്രീകൾ നടത്തുന്ന സമരം അതിരുകടന്നെന്ന കെ.സി.ബി.സിയുടെ വിലയിരുത്തൽ അത്യന്തം അധിക്ഷേപകരമാണ്.
1. ആരാണ് സഭയിലെ ഓരോ അംഗത്തിന്‍റെയും അതിരുകൾ നിശ്ചയിക്കുന്നത്?
2. സഭ എന്നാൽ മെത്രാൻ എന്നാണോ കാനോൻ നിയമം അനുശാസിക്കുന്നത്?
3. സഭയിൽ ഒരു വിശ്വാസിയുടെ ഉത്തരവാദിത്വം കാനാൻ നിയമപ്രകാരം എന്താണ്?
4. നിതീക്കു വേണ്ടി നിലവിളിക്കുന്ന കന്യാസ്ത്രീകളും അവരെ അനുകൂലിക്കുന്നവരും ഏത് അതിരാണ് ലംഘിച്ചത്? അവർ സഭയുടെ ഭാഗമല്ലേ?
5. സമരത്തിന്‍റെ അതിരാണെങ്കിൽ അവർ പിൻതുടരുന്നത് ഗാന്ധിയൻ സമര രീതിയാണ് .
പൊതുമുതൽ നശിപ്പിക്കുക, ബസ്സിനു കല്ലെറിയുക ഇതൊന്നും അവർ ചെയ്തിട്ടില്ല.
6. എന്താണ് പിതാക്കൻമാർക്ക് അംഗീകരിക്കാൻ കഴിയാത്തത് ? അവർ അനുഭവിച്ച പീഡനങ്ങൾ ഒന്നും പോര എന്നാണോ?
7. ക്ഷമയെക്കുറിച്ചാണെങ്കിൽ, 75 ദിവസം ക്ഷമയോടെ കാത്തിരുന്നത് പോര എന്നാണോ?
& ഈ വിഷയത്തിൽ ബിഷപ്പ് ഫ്രാങ്കോ ഒരു അതിരും ലംഘിച്ചിട്ടില്ലേ?
9. ബിഷപ്പ് ഫ്രാങ്കോ അധികാരത്തിൽ നിന്ന് മാറി നിൽക്കണം എന്നു പറഞ്ഞ കർദ്ദിനാൾ ഗ്രേഷ്യസ് സഭയിലെ അംഗമല്ലേ?
10. സ്ത്രീയുടെ മാനത്തിന്‍റെ അതിരു നിശ്ചയിക്കുന്നത് കെ.സി.ബി.സി.യാണോ?

വേദനയുണ്ട് പിതാക്കന്മാരെ ,നിങ്ങളാണ് നിങ്ങളുടെ അഹങ്കരം നിറഞ്ഞ അധികാര ദുർവിനിയോഗമാണ് സമീപകാലത്ത് സഭയെ ഇത്രമാത്രം അപമാനിതയാക്കി തെരുവിലേക്ക് വലിച്ചിഴച്ചത്.
അത്മായരോ, കേവലം മിണ്ടാപ്രാണികളായ കന്യാസ്ത്രീകളോ അല്ല. (സി.എം.സി.സന്യാസസഭയുടെ ഉന്നതാധികാരി സഭയിലെ കന്യാസ്ത്രീകൾക്ക് സമരം ചെയ്യുന്ന കന്യാസ്ത്രീകളെ പിൻ തുണക്കുന്നതിന് വിലക്കേർപ്പെടുത്തിക്കഴിഞ്ഞു.മറ്റു സന്യാസിസഭകളും ഉടനെ വിലക്ക് പുറപ്പെടുവിക്കും. കാരണം അത്രക്ക് ഭയമാണവർക്ക് പിതാക്കന്മാരുടെ അധികാരത്തെ)
കുറ്റാരോപിതനായ വ്യക്തിയെ അധികാരത്തിൽ നിന്ന് മാറ്റി നിർത്തി അന്വേഷണം നടത്തുക എന്ന ജനാധിപത്യത്തിന്‍റെ ആദ്യ പാഠം പോലും കെ.സി.ബി.സി പുച്ഛിച്ചു തള്ളി. ഒരു രാജ്യത്തിന്‍റെ പരമോന്നത നീതീപിOത്തെപ്പോലും വെല്ലുവിളിക്കുകയും ഞങ്ങൾ രാജകുമാരൻമാരാണ്, ഞങ്ങൾക്ക് കാനോൻ നിയമമാണ് ബാധകം എന്ന് പറയുകയും ചെയ്യാന്‍ മാത്രം ധൈര്യമുള്ളവരാണല്ലോ നിങ്ങള്‍?
മറ്റ് ആരെങ്കിലും പറഞ്ഞാൽ രാജദ്രോഹമാകാവുന്ന കാര്യം നിങ്ങൾക്ക് ഭരണകൂടം ഇളച്ചു തന്നത് നിങ്ങളുടെ ശക്തിയും സ്വാധീനവും സമ്പത്തും ഭയന്നിട്ടു തന്നെ.ഈ കാര്യത്തിലും അതു തന്നെയാണ് സംഭവിക്കുക എന്ന് മൂക്ക് താഴോട്ടുള്ള എല്ലാവർക്കും മുൻ അനുഭവങ്ങൾ കൊണ്ട് അറിയാം .അതിന് പ്രാവചക വരമുള്ള ധ്യാനഗുരുക്കന്മാരൊന്നും ആകേണ്ടതില്ല.
എന്നാൽ ഒന്നുണ്ട് വലിയൊരു നിതീപിoത്തെ നമുക്കൊക്കെ അഭിമുഖികരിക്കേണ്ടതുണ്ട്.നിങ്ങൾ സക്രാരിയിൽ വെച്ച് പൂട്ടിപ്പോരുന്ന യേശുക്രിസ്തു ഉണ്ടല്ലോ? സ്വന്തം മതത്തിലെ തിന്മകൾക്കെതിരെ ശബ്ദിച്ചതിന് പുരോഹിതർ ആ നിതീ മാന്‍റെ രക്തം ഞങ്ങടെ മേലും ഞങ്ങടെ സന്തതികളുടെ മേലും പതിക്കട്ടെ എന്നു ആക്രോശിച്ച് മൂന്നാണികളിൽ കുരിശിൽതറച്ച് കൊന്നിട്ടും മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റ ആ കരുണ മയനായ നീതീ മാന്‍റെ മുന്നിൽ ധൈര്യപൂർവ്വം തലയുയർത്തി നില്ക്കാം എന്ന ബോധ്യത്തോടെയാണ് ഞാൻ ഈ സമരത്തെ പിൻതുണക്കുന്നത്. സഭ പഠിപ്പിച്ചു തന്ന യേശുക്രിസ്തു തന്നെയാണ് എന്നെയും ഈ കന്യാസ്ത്രികളെയും അവരെ അനുകൂലിക്കുന്നവരെയും ധൈര്യപ്പെടുത്തുന്നത്. അവർസഭയുടെ ശത്രുക്കളല്ല. സഭ യുഗാന്ത്യം വരെ പരിശുദ്ധയായി നില നിൽക്കണമെന്നും വാനമേഘങ്ങളിൽ ഇറങ്ങി വരുന്ന തന്‍റെ നാഥനെ സകല ഐശ്വര്യത്തോടും കൂടി സ്വീകരിക്കാൻ കഴിയണം എന്നുമാഗ്രഹിക്കുന്ന സഭയുടെ യഥാർത്ഥ മിത്രങ്ങളാണ്. ആത്മവിമർശനമാണ് സഭക്ക് ഇക്കാലം വരെയും ശക്തി പകർന്നതെന്ന് സഭാ ചരിത്രം നമ്മെ പഠിപ്പിക്കുന്നുണ്ട്.
അനീതീക്കെതിരെ ശബ്ദിക്കുന്നവരെ പുറത്താക്കലല്ല ക്രിസ്ത്യാനിയുടെ നീതീ. ക്രിസ്തു തന്‍റെ മതത്തിലെ അനീതീകളോട് നിശബ്ദനായിരുന്നെങ്കിൽ ലോകത്തിൽ ക്രിസ്തുമതം തന്നെ ഉണ്ടാകുമായിരുന്നില്ലല്ലോ? ശിക്ഷണ നടപടികളല്ല സംവാദങ്ങളാണ് ഉണ്ടാകേണ്ടത്.
.

ആയതിനാൽ തങ്ങൾക്കു പറ്റിയ തെറ്റ് ഈ വൈകിയ വേളയിൽ തിരുത്തണമെന്നും ക്രിസ്തുവിന്‍റെ മണവാട്ടിയായ സഭയെ പൊതു സമൂഹത്തിന്‍റെ പരിഹാസത്തിൽ നിന്നു രക്ഷിക്കണമെന്നും നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്‍റെ നാമത്തിൽ കെ.സി.ബി.സിയോട് അഭ്യർത്ഥിക്കുന്നു.
.

എന്ന്,
സ്നേഹാദരപൂര്‍വ്വം,
.

ക്രിസ്തു വിശ്വാസിയും സീറോ മലബാർ സഭയിലെ അംഗവുമായ ഡോ.റോസിതമ്പി.
Article URL:
 

 
Quick Links

MyParish.Net - Myparish.net Community - a Catholic Social Media   |   Terms of Use   |   Privacy Policy