Kerala.myparish.net
Posted On: 15/09/18 08:20
#കന്യാസ്ത്രീകളുടെ_തെരുവ്_സമരം_ശരിയാണോ?

കന്യാസ്ത്രീകൾ തെരുവ് സമരം നടത്തുന്നത് ശരിയാണോ എന്ന് ചോദിച്ചാൽ സഭാ നേതൃത്വം അവരെ ഒത്തിരിയേറെ പ്രാവശ്യം തെരുവിലിറക്കിയിട്ടുണ്ടല്ലോ എന്ന് തിരിച്ച് ചോദിക്കേണ്ടി വരും. പക്ഷെ അതൊക്കെ ഗവർമെന്റിനോ സഭേതര ശക്തികൾക്കോ എതിരായിരുന്നു. ഇവിടെ ഇപ്പോൾ ഒരു മെത്രാന്റെ അറസ്റ്റിനു വേണ്ടിയാണു സമരം നടക്കുന്നത്. ഈ സമരം ശരിയാണോ എന്ന് ചോദിച്ചാൽ ഉത്തരം വളരെ ലളിതമാണ്: ശരിയല്ല. സഭാ സംവിധാനത്തിന്റെ ഭാഗമായ കന്യാസ്ത്രീകൾ സഭാധികാരിയായ മെത്രാനെതിരെ സമരം ചെയ്യുന്നത് ഒട്ടും ശരിയല്ല. പക്ഷെ ചോദ്യം അവിടംകൊണ്ടവസാനിക്കുന്നില്ല, ഉത്തരവും. ഈ ശരികേടിലേക്ക് അഥവാ തെറ്റിലേക്ക് നയിച്ച സാഹചര്യങ്ങൾ ഏവ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. മറ്റു വാക്കുകളിൽ പറഞ്ഞാൽ ഈ തെറ്റിന് ഉത്തരവാദിത്തം ആർക്കൊക്കെ എന്ന ചിന്ത അനിവാര്യമാണ്?

* ഇവിടെയാണ് സഭയിലെ പുരുഷകേന്ദ്രീകൃതമായ പൗരോഹിത്യാധികാരത്തിന്റെ കുറ്റകരമായ അലംഭാവം പ്രസക്തമാവുന്നത്. ഈ ഒരു സമരം നടന്നില്ലെങ്കിൽ സഭയിൽ എന്ത് സംഭവിക്കും എന്ന് ന്യായീകരണത്തൊഴിലുമായി ഇറങ്ങിയിരിക്കുന്ന കെ.സി.ബി.സി.യും ഓൺലൈൻ കൊച്ചച്ചന്മാരും വിശ്വസ്ത കുഞ്ഞാടുകളും ചിന്തിക്കണം. ഇത്രയും സമരം ചെയ്തിട്ട് സഭയുടെ ഭാഗത്തുനിന്നും ഒരു ചുക്കും സംഭവിച്ചിട്ടില്ല, പിന്നല്ലേ സമരം ചെയ്തില്ലെങ്കിലെ അവസ്ഥ! സഭാനേതൃത്വം സാമാന്യമായി ശക്തരെ സംരക്ഷിക്കുന്ന നിലപാട് ആണ് കൈക്കൊള്ളാറ്. ഭരണകൂടകാര്യങ്ങളുടെ കാര്യവും വ്യത്യസ്തമല്ല. കരുത്ത് കേന്ദ്രീകൃതമായ ഒരു സാമൂഹ്യ വ്യവസ്ഥിതിയിൽ, ആ വ്യവസ്ഥയുടെ ഭാഗമായ സർക്കാർ സംവിധാനത്തിൽ, അതിനോട് അനുരൂപപ്പെടുന്ന സഭാ ഭരണത്തിൽ, ദുർബലർക്ക് സ്ഥാനം പൊതുവെ ഓരങ്ങളിലും വാക്കുകളിലുമാണെന്ന തിരിച്ചറിവായിരിക്കാം ആ സഹോദരിമാരെ തെരുവിലേക്കിറക്കിയത്. സഭാ നേതൃത്വം കിട്ടിയ പരാതി പൂഴ്ത്തി വച്ചതല്ലാതെ ഒരു അന്വേഷണമോ നടപടിയോ ആരംഭിക്കുകപോലും ചെയ്തിട്ടില്ല എന്നത് നഗ്നമായ സത്യമാണ്. പോലീസ് അന്വേഷണം നടക്കുന്ന സമയത് ഫ്രാങ്കോ മെത്രാനോട് ഒന്ന് മാറി നില്ക്കാൻ പോലും ആവശ്യപ്പെട്ടിട്ടില്ല എന്നത് തികച്ചും വേദനാ ജനകമാണ്. കരുത്തനായ ഫ്രാങ്കോ മെത്രാനും ദുർബലയായ സന്യാസിനിക്കും ഇടയിലാണല്ലോ സഭാ നേതൃത്വത്തിന് തിരഞ്ഞെടുപ്പ് നടത്തേണ്ടി വരുന്നത്? ചതഞ്ഞ ഞാങ്ങണ ഒടിക്കാനും മങ്ങിക്കത്തുന്ന തിരി കെടുത്തനും എളുപ്പമാണ്.

* ഒരു തെരുവ് സമരം നടന്നില്ലെങ്കിൽ ഈ സഹോദരിമാരുടെ വിലാപം വനരോദനമായി മാറുകയും നിയമ സംവിധാനങ്ങൾക്കും സഭയിലെ നീതിബോധത്തിനും മുകളിൽ പറക്കുന്ന കരുത്തിന്റെ കഴുകൻ കണ്ണുകൾ വീണ്ടും ഇരതേടുകയും കൂർത്തു മൂർച്ചയുള്ള നഖങ്ങൾ ഇരയുടെമേൽ ആഴ്ന്നു ഇറങ്ങുകയും ചെയ്യും. പ്രാപ്പിടിയൻ വട്ടമിട്ടു പറക്കുമ്പോൾ പ്രാക്കൾക്ക് സ്വൈര്യമായി വിഹരിക്കാനാവില്ലല്ലോ? മാർജ്ജാരഭീഷണിയെ അതിജീവിക്കാൻ ഉത്തമ മാർഗം മണി കെട്ടുകയാണെന്നു നിയമ വ്യവസ്ഥയും സഭാ നൈതികബോധവും പറയുമ്പോഴും ഒരു ചോദ്യം പ്രസക്തമായി തുടരുന്നു: പൂച്ചക്ക് ആര് മണി കെട്ടും? നാളിതുവരെ ഒരു മൂഷികനും മാർജ്ജാരന് മണികെട്ടാൻ സാധിച്ചിട്ടില്ല. അപ്പോൾ പിന്നെ മറ്റു മാർഗങ്ങൾ അന്വേഷിച്ചല്ലേ പറ്റൂ.

* ആലംബഹീനർക്ക് തെരുവ് നിരുപാധികമായ പിന്തുണയും കരുതലും നൽകുമെന്ന് കരുതുന്നതും തുല്യമായ ബാലിശത തന്നെയാണ്. സഹായ ഹസ്തങ്ങൾ നീട്ടുന്ന തെരുവിലെ ബഹുജനത്തിനു നിക്ഷിപ്ത താല്പര്യങ്ങളുണ്ടെന്നുള്ളതും സ്പഷ്ടമാണ്. കന്യാസ്ത്രീകൾക്കായി സമരപ്പന്തൽ രൂപകൽപന ചെയ്തതിൽ എറണാകുളം അങ്കമാലി അതിരൂപതയിലെ വിമത വിഭാഗത്തിന് വലിയൊരു പങ്കുണ്ട്. അവർ ഈ സഹോദരിമാർക്ക് കൊടുക്കുന്ന പിന്തുണ പ്രശംസാർഹമായിരിക്കുമ്പോഴും അതിന്റെ പിന്നിൽ സിറോ മലബാർ സഭാധ്യക്ഷനായ മാർ ആലഞ്ചേരിക്ക് ഒരു പണികൊടുക്കാനുള്ള ദുഷ്ട ലാക്ക് ഉണ്ടായിരുന്നു എന്നത് സംശയ രഹിതമാണ്‌. ലത്തീൻ മെത്രാനായ ഫ്രാങ്കോക്ക് എതിരെയുള്ള ലൈംഗികാരോപണം തങ്ങളുടെ എതിരാളിയായ സിറോ മലബാർ സഭക്ക് മേലും സഭാധ്യക്ഷന് മേലും വച്ചുകെട്ടാൻ നടത്തിയ ശ്രമം തികച്ചും ഹീനമാണ്. ഇതുപോലെത്തന്നെ സമരപ്പന്തലിലും സൈബറിടത്തിലും മുഴങ്ങിക്കേട്ട മുദ്രാവാക്യങ്ങൾ സഭാ സംവിധാനത്തെയും ക്രൈസ്തവ വിശ്വാസത്തെയും മുഴവനായി അവഹേളിക്കാൻ ലക്‌ഷ്യം വച്ചുള്ളതാണെന്നതും സത്യമാണ്.

* ഈ പ്രിയ സഹോദരിമാർക്ക് അമ്മയാവേണ്ടത് തെരുവല്ല, സഭയാണ്. സഭ രണ്ടാനമ്മയും തെരുവ് പോറ്റമ്മയായുമായി അവർക്ക് അനുഭവപ്പെടുന്നുണ്ടെങ്കിൽ സഭയിൽ ഒരു പുനഃപരിശോധന അനിവാര്യമാണ്. സഭ അവരുടെ അടുത്തേക്ക് ചെല്ലണം, രണ്ടാനമ്മയായല്ല, സ്നേഹനിധിയായ പെറ്റമ്മയായി. അവരുടെ സമരപ്പന്തലിലേക്ക് കടന്നു ചെല്ലണം, ശാസിക്കാനോ ശിക്ഷിക്കാനോ അല്ല, മാറോടണക്കാനും സംരക്ഷിക്കാനും. കൂടെയുള്ള 99 ആടുകളെ മരുഭൂമിയിലുപേക്ഷിച്ച് കാണാതായ കുഞ്ഞാടിനെ തേടി പുറപ്പെടുകയും കണ്ടുകിട്ടിയപ്പോൾ മതിമറന്നു ആഘോഷിക്കുകയും ചെയ്യുന്ന നല്ല ഇടയനെപ്പോലെ. എറണാകുളം ഹൈക്കോർട്ട് ജങ്ഷൻ വഞ്ചി സ്‌ക്വയറിൽ സഭയെന്ന അമ്മയുടെ ഗർഭപാത്രത്തിൽ ഈ സഹോദരിമാർക്ക് ഒരു രണ്ടാം ജന്മം സാധ്യമാകുമെങ്കിൽ ഈശോയുടെ സ്നേഹത്തിനുള്ള ഏറ്റവും ഉത്തമമായ സമകാലിക സാക്ഷ്യമായിരിക്കും അത്.
Article URL:
 

 
Quick Links

MyParish.Net - Myparish.net Community - a Catholic Social Media   |   Terms of Use   |   Privacy Policy